ലില്ലിക്കുട്ടി പ്ളസ് ടു വിദ്യാര്‍ത്ഥിനിയാണ്. സ്വപ്നം കാണുന്ന പ്രായം. അച്ഛനെപ്പോലെതന്നെ മനസ്സു നിറയെ വര്‍ണ്ണ സ്വപ്നങ്ങളാണ്. നിറമുള്ള പൂക്കളും സംഗീതവും പ്രകൃതിരമണീയമായ കാഴ്ചകളും ലില്ലിക്കുട്ടിക്ക് ഇഷ്ടമാണ്. ലില്ലിക്കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപികയുടെ മകള്‍ സെനീല കൂട്ടുകാരിയാണ്. അവരുടെ സൗഹൃദത്തിനും ഏറെ തീവ്രതയുണ്ട്. ലില്ലിക്കുട്ടിയുടെ അച്ഛന്‍ കൊച്ചുബേബി അന്ധനാണ്. പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളും എല്ലാ ദൃശ്യങ്ങളും കൊച്ചുബേബിയ്ക്ക് മറ്റുള്ളവരെപ്പോലെ അനുഭവവേദ്യമാണ്. മികച്ച സൗന്ദര്യ ആസ്വാദകനായ അച്ഛന്റെ കഴിവാണ് മകള്‍ ലില്ലിക്കുട്ടിക്കും ലഭിച്ചിരിക്കുന്നത്.
കൊച്ചുബേബിയുടെ കാവ്യഭാവന കിട്ടിയിട്ടുള്ളത് ലില്ലിക്കുട്ടിക്കാണ്. അകക്കണ്ണുകൊണ്ട് അച്ഛനും പുറം കണ്ണാല്‍ ലില്ലിക്കുട്ടിയും ലോകത്തെ കണ്ട് ജീവിക്കുകയാണ്. മെഴുകുതിരി നിര്‍മാണകമ്പനിയിലെ തൊഴിലാളിയായ കൊച്ചുബേബി, മറ്റുള്ളവരുടെയും ജീവിതത്തില്‍ നിറപുഞ്ചിരിയുടെ പ്രകാശം പരത്തിയാണ് ജീവിക്കുന്നത്. മേരി, കൊച്ചുബേബിയുടെ ജീവിതത്തിലേക്ക് കടന്നുവന്നപ്പോഴാണ് സ്വപ്നങ്ങള്‍ക്ക് ശക്തിയും ഇത്രയും സൗന്ദര്യവുമുണ്ടെന്നും അറിഞ്ഞത്. ഇരുവരും ചേര്‍ന്ന് മകള്‍ ലില്ലിക്കുട്ടിയെ സ്വന്തം ജീവന്‍ പോലെ കണ്ടാണ് വളര്‍ത്തിയത്. ഇന്ന് അവര്‍ ജീവിക്കുന്നതുപോലും മകള്‍ക്കു വേണ്ടിയാണെന്നു പറയാം. എന്നിട്ടും ലില്ലിക്കുട്ടിയ്ക്ക് നഷ്ടങ്ങളുടെ വേദനയില്‍ നിറഞ്ഞു നില്‍ക്കാനായിരുന്നു വിധി. മകള്‍ക്ക് താങ്ങായി, തണലായി, ആശ്വാസമായി അച്ഛന്‍ കൊച്ചുബേബി ഒരു നിഴല്‍ പോലെ കൂടെ ഉണ്ടായിരുന്നു. അതുതന്നെയായിരുന്നു ലില്ലിക്കുട്ടിയുടെ ശക്തിയും.
നവാഗതനായ പ്രേംലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആത്മകഥയിലാണ് കൊച്ചുബേബിയുടെയും മേരിയുടെയും ലില്ലിക്കുട്ടിയുടെയും ഹൃദയസ്പര്‍ശിയായ ജീവിതകഥ ദൃശ്യവത്ക്കരിക്കുന്നത്. പവിത്രം ക്രിയേഷന്‍സിന്റെ ബാനറില്‍ സന്തോഷ് പവിത്രം, സഫീര്‍ സേട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘ആത്മകഥ’യില്‍ കൊച്ചുബേബിയായി ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലില്ലിക്കുട്ടിയായി ഷഫ്നയും മേരിയായി ഷര്‍ബാനി മുഖര്‍ജിയും സെനീലയായി മിഥുനയും വേഷമിടുന്നു.
ജഗതി ശ്രീകുമാര്‍, ബാബു നമ്പൂതിരി, ചെമ്പില്‍ അശോകന്‍, മുന്‍ഷിവേണു, അഷ്റഫ് പീരുമേട്, ബിന്ദുപണിക്കര്‍, നിഷ ശാരംഗ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. കൈതപ്രം, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് അല്‍ഫോന്‍സാണ്. സമീര്‍ അന്തിക്കാട് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. കല – സുരേഷ് കൊല്ലം, മേക്കപ്പ്-ശ്രീജിത്ത് ഗുരുവായൂര്‍, വസ്ത്രാലങ്കാരം-കുമാര്‍ എടപ്പാള്‍, സ്റ്റില്‍സ്-അഭിലാഷ് നാരായണന്‍, പരസ്യകല-ജിസ്സന്‍ പോള്‍, എഡിറ്റിംഗ്-മഹേഷ് നാരായണന്‍, അസോസിയേറ്റ് ഡയറക്ടര്‍- സൂര്യന്‍ കുനിശേരി, ഹരീഷ്, സംവിധാനസഹായികള്‍-ജയരാജ്, ജിത്തു, ജിഷോ ആന്റണി, പ്രേംജി, സുനിത്ത്, ഓഫീസ് നിര്‍വ്വഹണം-രാജന്‍ കൊട്ടാരക്കര, നിജാസ്, പ്രൊഡക്ഷന്‍ മാനേജര്‍-മധു തമ്മനം, ബൈജു ഒറ്റപ്പാലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മനോജ് കാരത്തൂര്‍.


