ബാഡ്മിന്റണ്‍ ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന ഇന്ത്യന്‍ താരം സൈന നെഹ്വാളിന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്കാരം നല്‍കാന്‍ ശിപാര്‍ശ. മലയാളികളായ അത്ലറ്റ് ജോസഫ് ഏബ്രഹാമിനും വോളിബോള്‍ താരം കപില്‍ദേവിനും അര്‍ജുന അവാര്‍ഡ് നല്കാനും പി.ടി ഉഷ അധ്യക്ഷയായ ദേശീയ കായിക അവാര്‍ഡ് നിര്‍ണയസമിതി ശിപാര്‍ശ ചെയ്തു.
അത്ലറ്റിക് കോച്ച് എ.കെ കുട്ടിയെ ദ്രോണാചാര്യ അവാര്‍ഡിന് ശിപാര്‍ശ ചെയ്തതായും അറിയുന്നു. അഞ്ചു താരങ്ങളില്‍ നിന്നാണ് ആദ്യമായി ഖേല്‍രത്ന പുരസ്കാരത്തിന് അര്‍ഹയാകുന്ന ബാഡ്മിന്റണ്‍ താരമായി സൈനയെ തെരഞ്ഞെടുത്തത്. തുടര്‍ച്ചയായി മൂന്നു രാജ്യാന്തര ചാമ്പ്യന്‍ഷിപ്പുകളില്‍ കിരീടമണിഞ്ഞതോടെ സൈന ബാഡ്മിന്റണ്‍ ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നിരുന്നു.
400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ദേശീയ റിക്കോര്‍ഡിന് ഉടമയായ ജോസഫ് എബ്രഹാം ഇടുക്കി സ്വദേശിയാണ്. കപില്‍ദേവ് വോളിബോള്‍ മുന്‍ ദേശീയ ടീം ക്യാപ്റ്റനും. കൃഷ്ണ പുനിയ (അത്ലറ്റിക്സ്), ദിനേശ് കുമാര്‍ (ബോക്സിംഗ്), പരിമഞ്ജന്‍ നെഗി (ചെസ്), ദിനേശ് (കബഡി), സുനില്‍ ചേത്രി, ദീപക് മണ്ഡല്‍ (ഫുട്ബോള്‍), താജീവ് തോമര്‍ (ഗുസ്തി), സന്ദീപ് സിംഗ്, ജാസ്ജീത് കൌര്‍ (ഹോക്കി), റ്യാന്‍ പോഞ്ച, രെഹന്‍ പോഞ്ച (നീന്തല്‍), ജുലന്‍ ഗോസ്വാമി (ക്രിക്കറ്റ്), ജഗ്സീര്‍ (പാരാ ഒളിമ്പിക്), സഞ്ജീവ് രാജ്പുത് (ഷൂട്ടിംഗ്) എന്നിവരാണ് അര്‍ജുന അവാര്‍ഡിനായി തെരഞ്ഞെടുത്ത മറ്റ് കായിക താരങ്ങള്‍.


