തമിഴ്നാടിനു ജയം, ബംഗാളിനു സമനില

Posted by Staff Writer on Jul 31st, 2010 and filed under Sports. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

സന്തോഷ് ട്രോഫിയില്‍ കേരളത്തിനു റെഡ് കാര്‍ഡ് നല്‍കിയ മിസോറാമിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തറപറ്റിച്ചു പൂള്‍ ബിയില്‍ തമിഴ്നാട് ആദ്യ ജയം സ്വന്തമാക്കി. മറ്റൊരു മത്സരത്തില്‍ ആതിഥേയരായ ബംഗാളിനെ ഡല്‍ഹി സമനിലയില്‍ തളച്ചു

ബംഗാള്‍-ഡല്‍ഹി മത്സരത്തില്‍ 39-ാം മിനിറ്റില്‍ തൂസിം മന്‍ഗ്വയിലൂടെ ഡല്‍ഹിയാണ് ആദ്യം മുന്നിലെത്തിയത്. കളിയവസാനിക്കാന്‍ മൂന്നു മിനിറ്റുമാത്രം ശേഷിക്കെ ജയന്ത സെന്‍ ആണ് ബംഗാളിനുവേണ്ടി സമനില നേടിയത്. മത്സരത്തില്‍ ബംഗാള്‍ മുന്‍തൂക്കം പുലര്‍ത്തിയെങ്കിലും ആദ്യ പകുതിയില്‍ ലഭിച്ച ഗോളവസരങ്ങള്‍ മുതലാക്കാന്‍ അവര്‍ക്കായില്ല. ഡല്‍ഹിക്കു ലഭിച്ച ഒരേ ഒരു അവസരം അവര്‍ ഗോളാക്കി മാറ്റി. കോര്‍ണര്‍കിക്കില്‍നിന്ന് തൂസിം ഹെഡറിലൂടെയാണ് ഗോള്‍ നേടിയത്. ആതിഥേയരെ പ്രോത്സാഹിപ്പിക്കാന്‍ നിരവധി ആരാധകര്‍ ഗാലറിയിലെത്തിയെങ്കിലും പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ താരങ്ങള്‍ക്കായില്ല.

ഒന്നാം പകുതി 1-0 ത്തിന് ഡല്‍ഹിക്ക് അനുകൂലമായി അവസാനിച്ചു. രണ്ടാം പകുതിയില്‍ കൂടുതല്‍ ഉണര്‍ന്നു കളിച്ച ബംഗാള്‍ സമനിലയ്ക്കുവേണ്ടി പോരാടി. എന്നാല്‍, 87-ാം മിനിറ്റുവരെ അവര്‍ക്ക് കാത്തിരിക്കേണ്ടിവന്നു. ചിരാഗിന്റെ താരം ജയന്തസെനിന്റെ ഒറ്റയാള്‍ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. ബംഗാളിനു വേണ്ടി മലയാളി താരം ധനരാജന്‍ ബൂട്ടണിഞ്ഞു.

തികച്ചും വിരസമായിരുന്നു തമിഴ്നാട്-മിസോറാം മത്സരത്തിന്റെ ആദ്യ പകുതി. കേരളത്തിനെതിരേ മികച്ച മുന്നേറ്റം നടത്തിയ മിസോറാം ഇന്നലെ തീര്‍ത്തും നിറം മങ്ങി. 32-ാം മിനിറ്റില്‍ കേരളത്തിനെതിരേ വിജയഗോള്‍ നേടിയ ബെന്‍ഘോഖെയ് ഒറ്റയ്ക്ക് ഗോള്‍ മുഖത്തേയ്ക്ക് ഇരമ്പിയെങ്കിലും തമിഴ്നാട് ഗോളിയെ മറികടക്കാന്‍ കഴിഞ്ഞില്ല. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ലഭിച്ച സുവര്‍ണാവസരങ്ങള്‍ തമിഴ്നാട് താരങ്ങള്‍ പാഴാക്കി.

ആദ്യ പകുതി അവസാനിപ്പിച്ചടുത്തുനിന്നാണ് തമിഴ്നാട് രണ്ടാം പകുതി ആരംഭിച്ചത്. ആക്രമിച്ചു കയറിയ അവര്‍ക്കു അതിന്റെ ഫലവും ലഭിച്ചു. 61-ാം മിനിറ്റില്‍ മധ്യനിരയില്‍ നിന്നും കെ. കരുണാകരന്‍ നീട്ടിയ പാസ് സി.എസ് സബീത് വിദഗ്ധമായി വലയിലെത്തിച്ചു. 10 മിനിറ്റിനകം അവര്‍ വീണ്ടും ഇരമ്പിയാര്‍ത്തു.

മൈതാന മധ്യത്തില്‍ നിന്ന് പന്തു ലഭിച്ച തമിഴ്നാടിന്റെ മലയാളി താരം ആര്‍. രാജേഷ് തൊടുത്ത ലോംഗ് റേഞ്ചര്‍ മിസോ ഗോളി ലാല്‍ത്തന്‍ വാല റാല്‍ത്തേയെ കബളിപ്പിച്ചു. തുടര്‍ന്ന് മിസോറാം ആഞ്ഞു പൊരുതിയെങ്കിലും അവസരങ്ങള്‍ പാഴാക്കുന്നതിലായിരുന്നു മിടുക്ക്.ഇന്നു നടക്കുന്ന മത്സരങ്ങളില്‍ കര്‍ണാടക സര്‍വീസസിനെയും പഞ്ചാബ് ഗോവയെയും നേരിടും.

  • Share/Bookmark

Leave a Reply

Enable Google Transliteration.(To type in English, press Ctrl+g)
Advertisement

മറ്റു വാര്‍ത്തകള്‍