കേരളത്തിലെ യുവജനങ്ങളുടെ ക്ഷേമത്തിനും കായിക താരങ്ങളുടെ ഉയര്‍ച്ചയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് നിയുക്ത സ്പോര്‍ട്സ്-യുവജനകാര്യ വകുപ്പ് മന്ത്രി വി സുരേന്ദ്രന്‍ പിള്ള. നാഷണല്‍ ഗെയിംസ് ഭംഗിയായി നടത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും. സ്റ്റേഡിയങ്ങളുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമം നടത്തും.
കായിക താരങ്ങളുടെ പ്രശ്നങ്ങള്‍ വിശദമായി പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കും. വളരെ വേഗം തന്നെ അവ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. കായിക താരങ്ങളുടെ ജോലി സംവരണം ഉയര്‍ത്താന്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കുമോ അതെല്ലാം ചെയ്യും. കേരളത്തിലെ യുവജനങ്ങളുടേയും കായിക താരങ്ങളുടേയും ശോഭനമായ ഭാവി മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും മുഖ്യ പരിഗണനയെന്നും വി സുരേന്ദ്രന്‍ പിള്ള പറഞ്ഞു. എം വിജയകുമാര്‍ കൈകാര്യം ചെയ്തിരുന്ന സ്പോര്‍ട്സ്-യുവജന കാര്യ വകുപ്പ് വി സുരേന്ദ്രന്‍പിള്ളയ്ക്ക് നല്‍കാന്‍ ഇന്നു രാവിലെ തിരുമാനിച്ചിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമരാമത്ത് വകുപ്പ് ലഭിക്കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രത്യേകിച്ച് ഒരു വകുപ്പ് തന്നെ വേണമെന്ന അഭിപ്രായമില്ല. എത് വകുപ്പ് ലഭിച്ചാലും അത് നന്നായി കൈകാര്യം ചെയ്യുമെന്ന മുന്‍ നിലപാട് തന്നെ അദ്ദേഹം ആവര്‍ത്തിച്ചു. മുന്‍ ബാന്റ്മിന്റണ്‍ ചാമ്പ്യന്‍ കൂടിയായ അദ്ദേഹം സ്പോര്‍ട്സ് വകുപ്പ് ലഭിച്ചതിലുള്ള സന്തോഷവും മറച്ചുവച്ചില്ല.


